ഒരു മാത്ര കൂടി എന്‍ അരികില്‍ വരൂ
ക്ഷണനേരം എന്നില്‍ സ്മ്രതിയുണര്‍ത്തൂ
ഈ കുളിര്‍രാവ് സാക്ഷിയായ് ഞാനിന്നു
പാടട്ടെ നിന്നോര്‍മതന്‍ ഹംസഗീതം
രാവിലിന്നും ഈറന്‍ കാറ്റുണ്ട്
കാറ്റിലിന്നും കുളിരിന്റെ കനിവുണ്ട്
ജാലകപ്പടിയില്‍ ഏകയായ് ഞാനുണ്ട്
മാറ്റമില്ലൊന്നിനും
Wednesday, November 14, 2012
ഇനി മറക്കാം ...
Posted by Preethu at 11:56 PM 0 comments
Friday, June 4, 2010
-.മനോപിണ്ഡം സമര്‍പ്പയാമി.-
ഇന്നലെ ഞാന്‍ എന്റെ മനസ്സിന് തര്‍പ്പണം ചെയ്തു. തീര്‍ത്തും തനിച്ച്. ആരും അറിഞ്ഞില്ല. ആരെയും അറിയിച്ചില്ല. ഒരു ഉച്ചമയക്കത്തില്‍ നിന്ന് അത് ഉണര്‍ന്നില്ല- അത്ര തന്നെ. കാരണമറിയില്ല, അന്വേഷിച്ചുമില്ല. ഒരുകണക്കിന് അതല്ലേ നല്ലത്. ഭാരമായാല്‍ ഒഴിഞ്ഞുപോകുക- അല്ലാതെന്താണ് പോംവഴി? നിന്റെ ഓര്‍മ അഴിയാന്‍ മടിച്ചു കുറെ നേരം എന്റെ വിരലില്‍ മുറുകികിടന്നു . ഒടുവില്‍ ബലമായി ഊരിമാറ്റുകയായിരുന്നു. സുഖമുള്ള ഒരു രാമഴതുള്ളിയാല്‍ നീര് കൊടുത്തു ഞാന്‍ യാത്ര പറഞ്ഞു. . മനസ്സിന് സ്വര്‍ഗമുണ്ടോ? അറിയില്ല. പുനര്‍ജനിക്കുമോ? മനസ്സും ഓര്‍മകളും നഷ്ടപ്പെട്ട് ബാക്കി വരുന്നതിനെ എന്ത് വിളിക്കും? ഒന്നും നിശ്ചയമില്ല. പോയത് ശേഷിക്കുന്നതിലും മേന്മയുള്ളതായിരുന്നു എന്ന് മാത്രം ഇപ്പോള്‍ അറിയാം.
Posted by Preethu at 2:37 AM 0 comments
ഇന്നലെ രാമഴയിറങ്ങിയപ്പോള്‍ അകലെ എവിടെയോ എന്റെ മൗനവും ശ്രീരാഗമായ് നിന്നില്‍ നിറഞ്ഞോ?
Posted by Preethu at 2:23 AM 0 comments
Tuesday, January 26, 2010
താവഴി
ഒരു കണക്കിന് നോക്കിയാല്‍ എല്ലാം ഞാനായിട്ട് തന്നെ വരുത്തിയതാണ്; ചിലപ്പോള്‍ തോന്നും ദൈവഹിതമെന്നു. അങ്ങനെ വിധിയുടെയും കര്‍മത്തിന്റെയും സങ്കീര്‍ണമായ മേച്ചില്‍പുറങ്ങളില്‍ മനസ്സ് വഴിയറിയാതെ പകച്ചു നില്‍ക്കുമ്പോളാണ് ഞാന്‍ എന്റെ തറവാടിനെക്കുറിച്ച് ഓര്‍ക്കുന്നത്. പൊളിഞ്ഞുതുടങ്ങിയ ചുമരുകള്‍ക്കും പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന പോക്കുവെയിലിനും പായല് പിടിച്ച നാലുകെട്ടിനും എന്ത് ആശ്വാസമാണ് എനിക്ക് തരാനുള്ളത് എന്നാണോ ചിന്തിക്കുന്നത്?
ആ വീട് ഞാനാണ്; ഞാനെന്നാല്‍ ഈ കാണുന്ന ഞാന്‍ മാത്രമല്ല- എന്റെ പുരികക്കൊടിയിലും കണ്ണിലെ തിളക്കത്തിലും കവിളിലും എന്നിങ്ങനെ എല്ലായിടത്തുമായി പടര്‍ന്നു കിടക്കുന്ന എന്റെ പാരമ്പര്യത്തിന്റെ ഓര്‍മ- അതും ഞാന്‍ തന്നെ; തലമുറകള്‍ക്കു മുന്‍പെയും ഞാനുണ്ടായിരുന്നു. ഇതേ കണ്ണുകള്‍ കൊണ്ട് പലതും കണ്ടു, ഇതേ ചുണ്ടുകള്‍ കൊണ്ട് പലതും ഉരുവിട്ട് ഞാന്‍-ഞാന്‍ എപ്പോളൊക്കെയോ ഭാഗങ്ങളായി ഇവിടെ ജനിച്ചു മരിച്ചിട്ടുണ്ട്.
" എന്റെ മുത്തശ്ശിയുടെ തനിപകര്‍പ്പാ നീ" -അമ്മമ്മ പറയുമായിരുന്നു. അങ്ങനെ ഞാന്‍ അറിഞ്ഞു ഞാന്‍ ഞാന്‍ മാത്രമല്ലെന്ന് . അങ്ങനെ എത്രയെത്ര ജന്മങ്ങളാണ് ഒരേ അച്ചില്‍ വാര്‍ത്തു കാലത്തിന്റെ ചരടില്‍ അങ്ങിങ്ങായി ഈശ്വരന്‍ കൊരുത്തു വച്ചിരിക്കുന്നത്.
രൂപം പോലെ അവരുടെ മനസ്സും എന്റേതായിരുന്നു. എന്റെ ദുഖങ്ങളും നൊമ്പരങ്ങളും സന്തോഷങ്ങളും അവര്‍ക്കും ഉണ്ടായിരുന്നു.എങ്ങനെയോ അതൊക്കെ തരണം ചെയ്തു അവര്‍ ജീവിച്ചു. അപമൃത്യു ഒഴികെ എണ്‍പത്തിയാറ് കടക്കാതെ സ്ത്രീകളാരും മരിച്ചിട്ടില്ലാത്ത എന്റെ തറവാട്ടില്‍ അവരും നരച്ച മുടിയും ചുളിഞ്ഞ ശരീരവുമായി നിലനിന്നിരുന്നു. സന്ധ്യയ്ക്ക് അവരുടെ നാമജപം ഈ ചുമരുകളില്‍ പ്രതിധ്വനിച്ചിരുന്നു. ഒരു നിമിഷം കാതോര്‍ത്താല്‍ എനിക്ക് കേള്‍ക്കാം താവഴിയായി എനിക്ക് പകര്‍ന്നു കിട്ടിയ ആ ശാന്തിമന്ത്രം. തളരുമ്പോള്‍ അത് മാത്രം മതിയെനിക്ക് ഉണരാന്‍; തനിച്ചല്ലെന്നറിയാന്‍; ജീവിക്കാന്‍...
Posted by Preethu at 7:24 AM 2 comments
Thursday, July 16, 2009
ഒരു പൂ കൊഴിയുമ്പോള്‍...
കിന്നരലോകത്തു ആത്മാവിലലിയുന്ന ഗന്ധം നിറഞ്ഞ പൂക്കള്‍ ഋതുഭേദമില്ലാതെ വിടരുന്ന ഒരു അപൂര്‍വ്വവൃക്ഷമുണ്ട്. ഭൂമിയില്‍ ഓരോ പ്രണയസ്വപ്നം വിടരുമ്പോളും അതില്‍ ഒരു പൂവ് മൊട്ടിടുന്നു. ഉണര്‍വ്വിനോടടുത്ത യാമത്തില്‍ കണ്ട കനവില്‍, പ്രതലത്തില്‍ മാരിവില്ലൊളിപ്പിച്ച നീര്‍ക്കുമിള പോലെ നേര്‍ത്ത ഒരു മരീചികയിലാണ് ആദ്യമായി ഞാന്‍ പ്രണയത്തിന്റെ പ്രതിബിംബം കണ്ടത്. സൗവര്‍ണ്ണ ശോഭയുള്ള ഒരു പൂ വിടര്‍ന്നതിന്റെ ഉത്സവമായിരുന്നിരിക്കണം അന്ന് അപ്സരലോകത്ത്. കനവില്‍ ഞാന്‍ മധുരമുള്ള കണ്ണുനീരില്‍ നാണം കലര്‍ത്തിയ പുഞ്ചിരി അറിഞ്ഞു ; ആദ്യപ്രണയത്തിന്റെ ശങ്കകളോടെ , പകപ്പോടെ, അതിലും ഏറെയേറെ കൗതുകത്തോടെ , മോഹത്തോടെ അവനെ ഞാന്‍ ഒരുപാടു പ്രണയിച്ചു; മനസ്സുകൊണ്ട് ആ സ്പര്‍ശവും ഹൃദ്സ്പന്ദനവും ചുംബനവും അറിഞ്ഞു . കിന്നരകന്യകമാര്‍ താലങ്ങേളന്തി നര്‍ത്തനമാടുന്നതും വിരലുകളാല്‍ പൂവിതളുകളെ തൊട്ടു തലോടുന്നതും ഞാന്‍ അറിഞ്ഞു . സ്നേഹത്തിന്റെ വെള്ളാരങ്കല്ലുകള്‍ പാകി ഞാന്‍ പാതയോരുക്കി അവനെ യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിച്ചു. പക്ഷെ ഇരുളില്‍ മറഞ്ഞിരുന്നു അവന്‍ കാറ്റായി വന്നെന്റെ കൊച്ചു കൈവിളക്ക് ഊതിക്കെടുത്തി. എങ്കിലും പരിഭവിക്കാതെ ഞാന്‍ വീണ്ടും അവനെ തേടിച്ചെന്നു. പക്ഷെ ഓര്‍മകളുടെ കളഭചാര്‍ത്തു മാത്രം തിരുശേഷിപ്പായി നല്കി ആ കിനാവ് മാഞ്ഞുപോയി. ഉണരുവാന്‍ വിസമ്മതിച്ചു വീണ്ടും കാത്തു കിടന്നത് ആത്മവഞ്ചനെയന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മിഴിതുറന്നു. പകല്‍വെളിച്ചത്തിന്റെ ചൂടു ആത്മാവിനെ വേദനിപ്പിച്ചു. പൊള്ളിവരണ്ട മനസ്സില്‍ ഓര്‍മകളുടെ മഞ്ഞു പെയ്തിറങ്ങി വീണ്ടും നോവിച്ചു. പൊലിയുന്ന നക്ഷത്രത്തിന്റെ നഷ്ടബോധം പോലെ എന്റെ ഓര്‍മകളും ആയിരം വര്‍ണങ്ങള്‍ വാരിവിതറി പിടഞ്ഞു. മറന്നുപോയ ഈരടിപോലെ എന്റെ പ്രണയം സദാ എന്റെ അന്തരാത്മാവിനെ പിന്തുടരുന്നു.
ആയുസ്സ് കുറവെങ്കിലും സുവര്‍ണ്ണ പുഷ്പങ്ങള്‍ അതീവ ശ്രേഷ്ഠമാണത്രേ.
Posted by Preethu at 1:37 AM 8 comments
Saturday, June 27, 2009
മഴയുടെ ദൂരം
എത്ര അകലം നീ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും നമുക്കിടയില്‍ ഒരു മഴയുടെ ദൂരമേയുള്ളൂ ...ഉണര്‍വ്വിന്റെ, മറവിയുടെ, യാഥാര്‍ഥ്യത്തിന്റെ ജന്മത്തിന്റെ ...അങ്ങനെ എല്ലാ അകലങ്ങളും ആദ്യത്തെ മഴത്തുള്ളിയില്‍ അലിഞ്ഞില്ലാതെ ആകുമ്പോള്‍ നിനക്ക് കനവിന്റെ കനിവും സ്മൃതിയുടെ മധുരവുമായി എന്നില്‍ പെയ്തിറങ്ങാതിരിക്കാനാവില്ല. ജാലകത്തിലൂടെ രാവും ശ്രീരാഗവും എന്നെ തേടിയെത്തുമ്പോള്‍ ഓര്‍മച്ചിത്രങ്ങളുടെ കളമെഴുതി നിന്നെ ഞാന്‍ ആവാഹിച്ചിരുത്തും ..എന്റെ മനസ്സില്‍....
Posted by Preethu at 3:00 AM 5 comments
Friday, June 19, 2009
എന്തിനെന്നറിയാതെ....
ഒരുപാടു വെറുത്തും ശപിച്ചും നിന്നെ ഇന്നും എന്റെ മനസ്സിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. മറക്കാന്‍ രാമഴ അനുവദിക്കാറില്ല. ഓര്‍ക്കാന്‍ പകല്‍വെളിച്ചവും. ഇടയ്ക്ക് എപ്പോളോ സ്വപ്നങ്ങളിലോ മറ്റോ ഇന്നും ഞാന്‍ നിന്നെ സ്നേഹിച്ചു പോകുന്നു....
Posted by Preethu at 9:26 AM 1 comments